അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളും കടത്തുവാൻ സഹായിച്ച യുവാവും അടക്കം മൂന്നുപേർ പൊലീസിന്റെ പിടിയിൽ.
തിരുമൂലപുരം ആടുമ്പട കോളനിയിൽ കൊങ്ങാപ്പള്ളിയിൽ വീട്ടിൽ ദീപു (26), മഞ്ഞാടി ഉര്യാത്ര വീട്ടിൽ കിരൺ വില്യം തോമസ് (21), അടുംമ്പട മറ്റക്കാട്ടുപറമ്പിൽ സെബിൻ സജി (23) എന്നിവരാണ് പിടിയിലായത്.
ആടുമ്പട കോളനിക്ക് സമീപത്തുനിന്നാണ് ദീപുവും കിരണും പിടിയിലായത്. ദീപുവിന്റെ ബാഗിൽ നിന്ന് മൂന്നും കിരണിന്റെ ബാഗിൽ നിന്ന് രണ്ടര കിലോഗ്രാമും കഞ്ചാവ് കണ്ടെത്തി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേസ്റ്റേഷനിൽനിന്ന് കാറിൽ കഞ്ചാവ് തിരുമൂലപുരത്ത് എത്തിക്കുവാൻ സഹായിച്ച സെബിൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നൽകിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
റെയിൽവേസ്റ്റേഷനിൽനിന്ന് പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് എസ്.എച്ച്.ഒ. ബി.കെ.സുനിൽ കൃഷ്ണൻ പറഞ്ഞു.