ചിങ്ങവനം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി 2 പൊലീസുകാർ ഏറ്റുമുട്ടി. ഒരാൾക്കു തലയ്ക്കു പരുക്കേറ്റു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഇരുവരെയും സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർമാരായ ബോസ്കോ, സുധീഷ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്യൂട്ടിക്കെത്തിയ സുധീഷ് താൻ സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഡിപ്പാർട്മെന്റ് വക വാഹനം പാർക്ക് ചെയ്തിരിക്കുന്നതു കണ്ടു ചോദ്യംചെയ്തു. ബോസ്കോയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. മറ്റു പൊലീസുകാർ തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വാക്പോര് തുടർന്ന പൊലീസുകാർ കയ്യാങ്കളിയിലേക്കു കടന്നു. ബോസ്കോയുടെ തലയ്ക്കു പരുക്കേറ്റു. ചോര വാർന്നു തുടങ്ങിയതോടെ ബോസ്കോ സ്റ്റേഷനു പുറത്തേക്കോടി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ അടിപിടി സംബന്ധിച്ചു ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നു. തുടർന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.