ആഡംബര ബൈക്കുകൾ മോഷ്ടിച്ച ശേഷം പൊളിച്ചുവിൽക്കുന്ന സംഘത്തെ കുമ്പനാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടയാറന്മുള അഖിൽ വില്ലയിൽ അഖിൽ ജയൻ (22), മല്ലപ്പള്ളി പാലയ്ക്കാത്തകിടി ചെറുകരപ്പൊയ്കയിൽ നിരഞ്ജൻ (27), തിരുവല്ല കുറ്റപ്പുഴ താഹിപറമ്പിൽ ജോൺസ് ടി.ജോൺ (30), മാടപ്പള്ളി പുതുപറമ്പിൽ എം.ആർ.ബിനു (18) എന്നിവരെയാണ് കൊച്ചി സൗത്ത് എസ്ഐ എസ്.പ്രദീപിന്റെ നേതൃത്വത്തിൽ കുമ്പനാട് എത്തിച്ച് തെളിവെടുപ്പു നടത്തിയത്.സുബൈർ എന്ന പ്രതിയെ കൂടി കിട്ടാനുണ്ട്.
5 ബൈക്കുകളാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരെണ്ണം തിരുവല്ലയിൽ നിന്നും ബാക്കി കൊച്ചിയിൽ നിന്നും. പാലാരിവട്ടം മേൽപാലത്തിനു സമീപത്തുനിന്ന് ബൈക്ക് മോഷണം പോയ കേസിലെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ മോഷ്ടിച്ച ശേഷം പൊളിച്ചെടുത്ത ബൈക്കുകളുടെ ഭാഗങ്ങൾ കുമ്പനാട്ടുള്ള ഷോറൂമിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഇരുചക്രവാഹനങ്ങളുടെ രൂപമാറ്റം വരുത്തുന്നതിനും കാറുകളുടെ വർക്‌ഷോപ്പിനുമായി 2 മാസം മുൻപാണ് ഇവർ കുമ്പനാട്ട് കെട്ടിടം വാടകയ്ക്ക് എടുക്കുന്നത്. പേരിനുവേണ്ടി മാത്രം വർക്‌ഷോപ് പ്രവർത്തിക്കുകയും മോഷ്ടിക്കുന്ന വാഹനങ്ങൾ രാത്രി ഇവിടെയെത്തിച്ച് പൊളിച്ച് വിൽക്കുകയാരുന്നു ചെയ്തിരുന്നത്. കെട്ടിടത്തിന്റെ ടികെ റോഡുവശത്തുള്ള ഭാഗം തുറക്കാതെ പിന്നിലെ കവാടം വഴിയാണ് പ്രവൃത്തികൾ ചെയ്തിരുന്നത്. വർക്‌ഷോപ്പിനു ബോർഡും വച്ചിരുന്നില്ല.