റാന്നി അങ്ങാടിയിലെ വീട്ടിൽനിന്ന് രണ്ടര പവനോളം വരുന്ന സ്വർണാഭരണങ്ങളും എണ്ണായിരം രൂപയും കവർന്നു. അങ്ങാടി മേനാംതോട്ടം വലിയ പള്ളിക്ക് സമീപമുള്ള താമരശ്ശേരിൽ ശിവകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരുവള, നാല് ജോടി കമ്മൽ എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ 73 കാരനായ ശിവകുമാറും ഭാര്യയും മാത്രമാണുണ്ടായിരുന്നത്. താഴത്തെനിലയിൽ ചിതൽ കയറാതിരിക്കാനുള്ള ജോലികൾ നടന്നിരുന്നതിനാൽ ഇരുവരും മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത്. രണ്ടരയോടെ ശബ്ദംകേട്ട് ശിവകുമാർ താഴത്തെ നിലയിൽ എത്തിയെങ്കിലും ഒന്നും കാണാനായില്ല. രാവിലെ ആറരയോടെ താഴത്തെ നിലയിലെത്തുമ്പോൾ അലമാരയിലിരുന്ന വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ടനിലയിൽ കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചതായി അറിയുന്നത്. താഴത്തെ നിലയിലെ പിൻവാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
റാന്നി ഡിവൈഎസ്.പി. ആർ.ബിനു, ഇൻസ്‌പെക്ടർ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തെളുവുകൾ ശേഖരിച്ചു. ഫോറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു.