പത്തനംതിട്ട ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എച്ച്1 എൻ1 കേസുകൾ റിപ്പോർട്ടുചെയ്തിട്ടുള്ളതിനാൽ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ നിസ്സാരമായി കാണരുതെന്നും ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടണമെന്നും ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എൽ.അനിതകുമാരി അറിയിച്ചു.
വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻവൺ പനി. ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികൾ, ചെറിയകുട്ടികൾ, പ്രായമായവർ, മറ്റേതെങ്കിലുംരോഗങ്ങളുള്ളവർ തുടങ്ങിയവരിൽ കണ്ടാൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതുകൊണ്ടാണ് അപകടാവസ്ഥയിലെത്തുന്നതും മരണംവരെ സംഭവിക്കുന്നതും.
ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ‘ഒസൾട്ടാമിവിർ’ എന്ന മരുന്നും ലഭ്യമാണ്. രോഗബാധിതർ പോഷകഗുണമുള്ള പാനീയങ്ങളും ആഹാരങ്ങളും കഴിക്കാനും പൂർണ വിശ്രമമെടുക്കാനും ശ്രദ്ധിക്കണം. പൊതുഇടങ്ങളിൽ മാസ്‌ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാലകൊണ്ട് മറയ്‌ക്കാനും ശ്രദ്ധിക്കണം.