മല്ലപ്പള്ളി ഗ്രാമീണ റോഡുകളിലെ യാത്രാക്ലേശം പരിഹരിക്കുവാൻ നിർദ്ദേശങ്ങളുമായി മല്ലപ്പള്ളി താലൂക്കിലെ ജനകീയ സദസ് നടന്നു. മാത്യു ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ആർടിസി, സ്വകാര്യബസുകൾ സർവീസ് നടത്താത്ത മേഖലകളിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടുകളെക്കുറിച്ചും ഗ്രാമീണ റൂട്ടുകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി.
ചർച്ചയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി യോഗത്തിൽ 68 റൂട്ടിലേക്കുള്ള നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ചർച്ചയിൽ പ്രതിപാദിക്കപ്പെട്ട റൂട്ടുകളെ സംബന്ധിച്ച് പഞ്ചായത്ത്, പിഡബ്ല്യുഡി, മോട്ടോർ വാഹന വകുപ്പുകളുടെ വിശകലനത്തിനും സാധുത പരിശോധിച്ചതിനും ശേഷം പരിഗണിക്കാവുന്ന റൂട്ടുകൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് യോഗത്തിൽ തീരുമാനമായി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെഎസ്ആർടിസി, പിഡബ്ല്യുഡി, ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.