കുന്നന്താനം സെയ്‌ന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ മോഷണശ്രമം. പള്ളി കെട്ടിടത്തിന്റെ രണ്ടാംനിലയിൽ കയറിയ തൃക്കൊടിത്താനം കോട്ടമുറി അമ്പിയിൽ ദിലീപ് (42), ഇയാളെ ഇവിടെ എത്തിച്ച ഓട്ടോക്കാരൻ കുറിച്ചി മലകുന്നം മുട്ടാനിക്കാട് പ്രസാദ് (54) എന്നിവരെ അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ ശബ്ദംകേട്ട് പള്ളിവികാരി ഫാ. തോമസ് പ്ലാത്തോട്ടത്തിൽ ഇടവക അംഗങ്ങളായ ബേബിച്ചൻ കുമ്പളോലിക്കൽ, ഷാജി പ്ലാന്തോട്ടം എന്നിവരെ വിളിച്ചുവരുത്തി. മുറിയുടെ മൂലയിൽ പതുങ്ങിനിന്ന ദിലീപിനെ ഇവർ കണ്ടെത്തി. കീഴ്വായ്പൂര് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രസാദിനെയും പിടികൂടി.
കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. പള്ളിയിലെ നിലവിളക്കിന്റെ മുകൾഭാഗം ഇളക്കിമാറ്റിയനിലയിൽ കാണപ്പെട്ടു. ഇത് കടത്താനുള്ള ശ്രമമായിരുന്നെന്ന് കരുതുന്നതായി ഇൻസ്‌പെക്ടർ ബി.ഷഫീക്ക് പറഞ്ഞു. മോഷണത്തിന് ദിലീപിനെതിരേ നേരത്തേ കേസുകളുണ്ട്.