മല്ലപ്പള്ളിയിൽ കാറ്റിൽ മരങ്ങൾ വീണ് കനത്ത നാശനഷ്ടം. മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, കുന്നന്താനം പഞ്ചായത്തുകളിലാണ് അപകടമേറെയും. കടുവാക്കുഴി, ഈട്ടിക്കൽപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു.
പടുതോട് തുരുത്തിക്കാട് റോഡിൽ തേക്കുമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സ്കൂട്ടറിലെത്തിയ പരിയാരം സ്വദേശിനിക്ക് മരച്ചില്ല തട്ടി നിസ്സാര പരിക്കേറ്റു. തുരുത്തിക്കാട് ബി.എ.എം.കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. മരത്തിന് അടിയിൽ പ്പെടാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്ന് കാർ യാത്രികൻ ഷിബു പറയുന്നു.
കീഴ്വായ്പൂര് ചാക്കമറ്റത്ത് ശൈലജയുടെ വീടിന് മുകളിലേക്ക് മാഞ്ചിയം വീണു. തുണ്ടിപ്പറമ്പിൽ ചന്ദ്രന്റെ വീട്ടിലെ ശൗചാലയം തകർന്നു. ഇവിടെ തേക്കുമരമാണ് കടപുഴകിയത്. ചാക്കമറ്റത്തേക്കുള്ള റോഡിൽ മരങ്ങൾവീണ് തടസ്സമുണ്ടായി. വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ കാറ്റിൽ മല്ലപ്പള്ളി താലൂക്കിലെ എട്ട് വീടുകൾക്ക് നാശം നാരകത്താനി തടത്തരികത്ത് ശൈലജ. കീഴ്വായ്പൂര് മേലേടത്ത് ജോൺ തോമസ്, വെണ്ണിക്കുളം രജിത് ഭവനിൽ രജിത്കുമാർ, പടുതോട് മന്നത്താനിൽ സൈനബിവി, തോട്ടനാലിമേപ്രത്ത് രാധാമണി മാധവൻ, ലളിത വിജയൻ, തങ്കമണി കൊറ്റനാട് ഈട്ടിക്കൽ വിജയൻ എന്നിവരുടെ വീടുകൾക്കാണ് മരങ്ങൾ വീണ് നാശമുണ്ടായത്.
മാരിക്കൽ കുന്നിരിക്കൽ റോഡിൽ തേക്കുമരം വീണ് പോസ്റ് ഒടിഞ്ഞുഗതാഗതം തടസ്സപ്പെട്ടു.