മല്ലപ്പള്ളി കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവർമാർ അടക്കം 54 പേർക്ക് പരിക്ക്.
കല്ലുപ്പാറ ജംഗ്ഷന് സമീപം രാവിലെ 11:30 ഓടെ ആയായിരുന്നു അപകടം. മല്ലപ്പള്ളി ഭാഗത്തുനിന്ന് വന്ന ബസും തിരുവല്ല ഭാഗത്തു നിന്നും മല്ലപ്പള്ളിയിലേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
42 ആൾക്കാരെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ 12 ആളുകളെ പ്രവേശിപ്പിച്ചു. കറ്റോട് സ്വദേശി സ്മിത (30)യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ അനിൽകുമാർ (54), കണ്ടക്ടർ ഷിബു ജോർജ് (42), രാജമ്മ (72) തിരുവനന്തപുരം സ്വദേശികളായ അജിൽ (21), സതികുമാരി(52) എന്നിവർക്കും പരിക്കേറ്റു.
കല്ലപ്പാറ ജംഗ്ഷനിൽ നിന്നും മല്ലപ്പള്ളിക്ക് പോകുന്ന റോഡിൽ ജംഗ്ഷന് സമീപമായി വളവുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ റോഡിന് വീതി അല്പം കുറവാണ്. റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയതിനുശേഷം വാഹനങ്ങൾ അല്പം വേഗതയിലാണ് ഈ റോഡിൽ സഞ്ചരിക്കുന്നത്. വളരെ ശ്രദ്ധിച്ചു പോയില്ലെങ്കിൽ വളരെ അപകടസാധ്യത നിലനിൽക്കുന്ന സ്ഥലമാണ് ഇത്.
തിരുവല്ലയിൽനിന്നുവന്ന ബസിലെ ഡ്രൈവർ സീറ്റിൽ കുടുങ്ങിയതിനാൽ ഇരുമ്പ് മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കമ്പി നീക്കം ചെയ്താണ് പുറത്തെടുത്തത്. നാട്ടുകാരും, പോലീസും, ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പോലീസ് സ്ഥലത്തെ മേൽനടപടികൾ സ്വീകരിച്ചു.