കവിയൂർ സ്വദേശിനിയെ സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കന്യാകുമാരി മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസിനെയാണ് (24) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരിൽനിന്ന് ജോലിക്കായി മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻദാസ് രണ്ട് വർഷം മുമ്പ് ഭർതൃമതിയായ കവിയൂർ സ്വദേശിനിയുമായി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിച്ചതായും പലപ്പോഴായി 10 ലക്ഷത്തോളം രൂപയും കൈകലാക്കിയതായും പരാതിയിൽ പറയുന്നു.
അടുത്ത സുഹൃത്തായ പെൺകുട്ടിയുടെ അർബുദ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് യുവതി യുവാവിനൊപ്പം പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിരന്തര പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിൻ ദാസിന്റെ ഭീഷണിയും അസഹനീയമായതോടെ യുവതി ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കവിയൂരിലെ വാടക വീട്ടിൽ നിന്ന് സജിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.