കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിലെ ടി.എസ്.ടി. പ്ലൈവുഡ് ഫാക്ടറിയിൽ ശനിയാഴ്ച രാവിലെ വൻ അഗ്നിബാധ. തിരുവല്ല, ചങ്ങനാശേരി, എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ 6 യൂണിറ്റ് എത്തി തീയണച്ചു. നിർമാണശാലയിൽ ഓയിൽ ജലവും സംയോജിക്കുന്ന പ്ലാന്റിലെ ഓയിൽ കണ്ടെയ്നറിനാണ് പ്രവർത്തനത്തിനിടെ തീപിടിത്തമുണ്ടായത്.
കെട്ടിട മേൽക്കൂരയുടെ കുറച്ചുഭാഗവും ഉത്പന്നങ്ങളും കത്തി നശിച്ചു. കോട്ടയം സ്വദേശി കുരുവിള മാത്യുവിന്റേതാണ് സ്ഥാപനം. 50 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. സുരക്ഷാവാൽവിന്റെ തകരാറിനെ തുടർന്ന് ഓയിൽ പുറത്തുവന്നതാണ് തീപിടിത്തനിടയാക്കിയതെന്ന് കരുതുന്നു. തൊഴിലാളികൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
കീഴ്‌വായ്പൂര് പൊലീസും സ്ഥലത്ത് പരിശോധന നടത്തി. വ്യവസായ പാർക്കിൽ അഗ്നിശമന സംവിധാനം ഇല്ലാത്തത് നിരന്തര അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.