മല്ലപ്പള്ളിയിൽ പൈപ്പ് നന്നാക്കിയ ശേഷം ശരിയായി മൂടാതിരുന്ന കുഴിയിൽ വീണ് കാൽനടയാത്രക്കാരിക്ക് പരുക്ക്. സംഭവം നടന്ന് ഒരു ദിവസത്തിനുള്ളിൽ കുഴികളടച്ച് അധികൃതർ. തിരുവല്ല റോഡിൽ സെൻട്രൽ ജംക്‌ഷനു സമീപം പൈപ്പ് നന്നാക്കുന്നതിനെടുത്ത കുഴിയിൽ വീണാണ് മല്ലപ്പള്ളി വെസ്റ്റ് ചീരാക്കുന്നേൽ സൗമ്യ എലിസബത്ത് ഷാജന് (47) പരുക്കേറ്റത്. സ്വകാര്യ ബാങ്ക് മാനേജരായ സൗമ്യ തിങ്കളാഴ്ച വൈകിട്ട് റോഡുവശത്തുകൂടി നടന്നുപോകുമ്പോൾ കുഴിയിൽ വീഴുകയായിരുന്നു. മുഖത്ത് കാര്യമായി പരുക്കേറ്റതിനാൽ മല്ലപ്പള്ളിയിലെയും തിരുവല്ലയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
വായുടെ മോണയിലും ചുണ്ടിലും അകത്തുമായി 9 തുന്നൽ ഇടേണ്ടി വന്നു. 2 പല്ലുകളും ഒടിഞ്ഞിട്ടുണ്ട‌്. മൂക്കും നെറ്റിയും മുറിഞ്ഞു. പൈപ്പിലെ തകരാർ പരിഹരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപാണ് റോഡിൽ കുഴിയെടുത്തത്. നേരത്തെയും ചോർച്ചയുണ്ടായതിനെ തുടർന്ന് തൊട്ടടുത്ത് കുഴിയെടുത്തിരുന്നു. എന്നാൽ, പൈപ്പ് അറ്റകുറ്റപ്പണികൾക്കുശേഷം കോൺക്രീറ്റ് ചെയ്യുന്നതിനോ, ടാറിങ് നടത്തുന്നതിനോ അധികൃതർ തയാറായില്ല. അടുത്തടുത്തായി ചെറുതും വലുതുമായ അഞ്ചിലേറെ കുഴികളാണുണ്ടായിരുന്നത്. ശക്തമായ മഴയിൽ മണ്ണൊലിച്ചു പോയി കുഴിയുടെ വ്യാപ്തിയും വർധിച്ചിരുന്നു. അപകടം സംഭവിച്ചതറിഞ്ഞ് ഇന്നലെ ഉച്ചയോടെ അധികൃതരെത്തി കുഴികൾ അടച്ചു.