ബലിതർപ്പണത്തിന് പോയി മടങ്ങിയ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പന്ത്രണ്ടായിരത്തോളം രൂപ വിലയുള്ള മൊബൈൽ ഫോൺ പിടിച്ചുപറിച്ച രണ്ടുപേരെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പൊടിയാടി ഐക്കര തെക്കേതിൽ രാജേഷ് കുമാർ (40), പൊടിയാടി പടിഞ്ഞാശ്ശേരിൽ ശിവാനന്ദൻ (കൊച്ചുമോൻ - 56) എന്നിവരാണ് പിടിയിലായത്.
ഇരവിപേരൂർ പാടത്തുംപാലം ഏട്ടമല വീട്ടിൽ രാജീവിനെ (43) ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. നട്ടെല്ലിന് ബുദ്ധിമുട്ടുള്ള രാജീവ് തൃക്കുന്നപ്പുഴയിലെ ബലിതർപ്പണ ചടങ്ങുകൾക്കുശേഷം മടങ്ങുമ്പോൾ പുളിക്കീഴ് പാലത്തിന് സമീപത്തെ കടയിൽ കയറി. ഈസമയം രാജേഷിന്റെ ഓട്ടോറിക്ഷയിൽ അമിതമായി മദ്യപിച്ചെത്തിയ പ്രതികൾ അപ്രതീക്ഷിതമായി രാജീവിനെ ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു.
തുടർന്ന് രാജീവ് പുളിക്കീഴ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച വൈകിട്ടോടെ പ്രതികളെ പിടികൂടുകയായിരുന്നു. രാജീവ് ഇന്നലെ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു.
സംഭവം നടന്ന പുളിക്കീഴ് പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.