ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട, മാനസിക വെല്ലുവിളി നേരിടുന്ന കോളജ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറു പേരെ കോയിപ്രം പോലീസ് പിടികൂടി. ഒന്പതു പേർക്കെതിരേ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. രണ്ടാം വർഷ ഡിഗ്രി കോഴ്സിന് പഠിക്കുന്നതും മാനസികവെല്ലുവിളി നേരിടുന്നതുമായ ഇരുപതുകാരിക്കാണ് പ്രതികളിൽനിന്നു നിരന്തരം ലൈംഗിപീഡനം നേരിടേണ്ടി വന്നത്.
2023 ജൂലൈ അവസാനം മുതൽ ലൈംഗികപീഡനം നടന്നതായിയാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് പ്രതികൾ. ഒപ്പം പഠിക്കുന്ന പെൺകുട്ടികളുടെ ഫോണുകളിലേക്കും യുവാക്കളുടെ ഫോൺ വിളി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ചെറുകോൽ നെല്ലികുന്നിൽ പ്രശാന്ത് (30), എഴുമറ്റൂർ കൊച്ചുപ്ലാവുങ്കൽ ലിബിൻ (27), തിരുവല്ല ഐക്കാട് കാഞ്ഞിരം കാലായിൽ വീട്ടിൽ മുഹമ്മദ് യാസീൻ (23), എഴുമറ്റൂർ തോമ്പിൽ കഞ്ഞിത്തോട് ബി. ടി. ഹരികൃഷ്ണൻ (25), ചെങ്ങന്നൂർ പുത്തൻകാവ് തെക്കേടത്ത് പീടിക പറമ്പിൽ വീട്ടിൽ സിജു പി. മാത്യു (29), തിരുവല്ല ചുമത്ര തെക്കേക്കുറ്റ് തോപ്പിൽ മലയിൽ സഹിൽ (21) എന്നിവരാണ് അറസ്റ്റിലായവർ.
പിക്ക് അപ്പ് ഡ്രൈവർ, ബസിലും ടിപ്പറിലും ക്ലീനർ, ഇലക്ട്രീഷൻ, റസ്റ്ററന്റ് ജീവനക്കാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് യുവാക്കൾ. പ്രവീൺ, സന്ദീപ്, ആദി എന്നിവരാണ് പിടിയിലാകാനുള്ളപ്രതികൾ.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം കുട്ടിയുടെ ഫോൺ നമ്പർ കരസ്ഥമാക്കിയതിനുശേഷം വിളിച്ച് പരിചയപ്പെടുകയും, തുടർന്ന് പലതവണയായി പീഡിപ്പിക്കുകയും ചെയ്ക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ സുഹൃത്തുക്കളായ പെൺകുട്ടികളുടെയും ഫോൺ നമ്പറുകൾ വാങ്ങി അവയിലേക്ക് യുവാക്കൾ നിരന്തരം വിളിക്കാൻ തുടങ്ങി. തുടർന്ന് സംഭവം അറിഞ്ഞ കോളജ് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നിർദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി . അടൂരിൽ നിന്നുള്ള ഭാഷാവിദഗ്ദ്ധന്റെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്.
സംഭവം നടന്നത് കോയിപ്രം അയിരൂർ ആയതിനാൽ, പിന്നീട് കേസുകൾ കോയിപ്രം പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഞായറാഴ്ചയാണ് കേസുകളെടുത്തത് രണ്ടു ദിവസങ്ങളിലായി നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ആറു പേർ കുടുങ്ങിയത്.
തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.