മല്ലപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നവേട്ട: മൂന്നുപേർ പിടിയിൽ


മല്ലപ്പള്ളി  കേന്ദ്രീകരിച്ച് വൻ തോതിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ വില്പന നടത്തി വന്ന സംഘം പിടിയിൽ. മല്ലപ്പള്ളി ടൗണിൽ ചന്തറോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉത്തർപ്രദേശ് ഗോരഖ്പുർ, മെഹരിപ്പുർ പോസ്റ്റിൽ 51 ജംഗൽബനി രാജേഷ് സോങ്കർ (28), ഇടനിലക്കാരനായ ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടിൽ ബിജു ജോസഫ് (ബിജുക്കുട്ടൻ-47), ചങ്ങനാശ്ശേരി അപ്സര തിയേറ്ററിന് സമീപം മൊത്തക്കച്ചവടം നടത്തുന്ന പെരുന്ന പുതുപ്പറമ്പിൽ വീട്ടിൽ ഷെമീർ ഖാൻ (35) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തത്‌.

രാജേഷിന്റെ മുറിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 52,052 രൂപ വില രേഖപ്പെടുത്തിയിട്ടുള്ള 603 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മല്ലപ്പള്ളി ടൗണിൽ പുകയില, പാൻമസാല കച്ചവടക്കാരനാണ്. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്നു കീഴ്‌വായ്‌പ്പൂർ പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവ പിടികൂടാൻ സാധിച്ചത്. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോൾ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചു.

ഷെമീറിന്റെ ഫോൺ നമ്പരിന്റെ ടവർ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ, ഇയാൾ കോഴഞ്ചേരി ഇലവുംതിട്ട റോഡിൽ സഞ്ചരിക്കുന്നതായി വ്യക്തമായി. തുടർന്ന് ഇലവുംതിട്ടയ്ക്ക് സമീപം ഇയാൾ യാത്രചെയ്തുവന്ന കാർ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു, വാഹനവും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. 

കീഴ്വായ്പൂര് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്തിൽ എസ്.ഐ. സതീഷ് ശേഖർ, എസ്.സി.പി.ഒ. അൻസിം, സി.പി.ഒ.മാരായ ഒലിവർ വർഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണൻ, അമൽ, അനസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ