തിരൂര്‍ മലപ്പുറം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയില്‍. പത്തനംതിട്ട സ്വദേശിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
ട്രെയിന്‍ തട്ടി മരിച്ച ആളുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയത് അധികൃതരുടെ അനാസ്ഥ കാരണമാണെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസര്‍(58) ട്രെയിന്‍ തട്ടി മരിച്ചത്. തുടർന്ന് മലപ്പുറം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
മൃതദേഹം ഏറ്റെടുക്കാന്‍ പത്തനംതിട്ടയില്‍ നിന്നും ബന്ധുക്കള്‍ തിരൂരിലെ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.