തിരുവല്ലയിൽ ശല്യമായി തീർന്ന കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. മുത്തൂർ ക്രൈസ്റ്റ് സ്കൂളിന് സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികൾ ഓടിച്ചു കയറ്റിയ അഞ്ച് കാട്ടുപന്നികളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ വെടി വെച്ചുകൊന്നത്.
നഗരസഭയിലെ 39 ആം വാർഡിൽ ഉൾപ്പെടുന്ന മുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു ദിവസമായി ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്രൈസ്റ്റ് സ്കൂളിന് സമീപത്തെ പുരയിടത്തിൽ കാണപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ സമീപവാസികൾ ചേർന്ന് ചുറ്റുമതിലുള്ള പുരയിടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ അനുമതിയുള്ള ഷൂട്ടറന്മാരായ ജോസ് പ്രകാശ് മല്ലപ്പള്ളി, സിനീത് കരുണാകരൻ പാലാ, ജോസഫ് മാത്യു പാലാ എന്നിവരെ എത്തിച്ച് ഇവയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ, നഗരസഭ കൗൺസിലർമാരായ ഇന്ദു ചന്ദ്രൻ, ഷിനു ഈപ്പൻ, ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, ഹെൽത്ത് ഇൻസ്പെക്ടർ വി പി ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയാസ് എന്നിവർ നേതൃത്വം നൽകി.