പുല്ലാട് മാനസികവെല്ലുവിളി നേരിടുന്ന യുവാവ് കടയിൽക്കയറി ആക്രമണം നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുല്ലാട് ജങ്ഷന് സമീപമുള്ള കടയിലാണ് സംഭവം. മനുമോൻ തോമസിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേടത്ത് സ്റ്റോഴ്സിലാണ് 40 വയസ്സുള്ളയാൾ ആക്രമണം നടത്തിയത്.
കടയിൽ മനു തോമസിന്റെ ഭാര്യ ബിനുവും ജോലിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടയുടെ വെളിയിൽ സൂക്ഷിച്ചിരുന്ന പാര ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാര ഉപയോഗിച്ച് പലതവണ ബിനുവിനെ അടിച്ചു. തലയിൽ അടി കൊള്ളാതിരിക്കാൻ കൈവച്ച് തടുത്തു. ബിനുവിന്റെ കരച്ചിൽ കേട്ട് സമീപത്തെ ആളുകൾ ഓടിക്കൂടി യുവാവിനെ കടയ്ക്ക് പുറത്താക്കി. ബിനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൈകളിലും മുറിവേറ്റതിനാല്‍ 5 തുന്നലുകള്‍ ഇടേണ്ടി വന്നു.
കോയിപ്രം എസ്.എച്ച്.ഒ. ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് യുവാവിനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. രാത്രിയോടെ യുവാവിനെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.