കോട്ടയം പുതുപ്പള്ളിയിൽ എട്ടുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പട്ടാപ്പകൽ പുതുപ്പള്ളി അങ്ങാടിയിലെ വീട്ടിൽ നിന്നാണ് എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ നാടോടി സ്ത്രീകൾ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ സാധനങ്ങൾ ശേഖരിക്കാൻ എന്ന പേരിൽ വീട്ടിലെത്തിയ നാടോടി സ്ത്രീകളിൽ ഒരാൾ വീടിൻറെ പിൻഭാഗത്ത് കൂടി കയറിയശേഷം കുട്ടിയെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് കണ്ട മാതാവ് ഉടൻ തന്നെ ബഹളം വെച്ച് പിന്നാലെ ഓടി എത്തി കുട്ടിയെ പിടിച്ചു വാങ്ങി. തുടർന്ന് നാടോടി സ്ത്രീകൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് വിവരം കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അമ്മയും കുട്ടിയും വയ്യാതെ കിടക്കുന്ന അമ്മയുടെ മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്
പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പുതുപ്പള്ളിയിൽ നിന്നും സംശയം തോന്നിയ മൂന്ന് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് അറിയിച്ചു.