യുവതിയെ ബലം പ്രയോഗിച്ചു കാറിൽ കയറ്റിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയേയും കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. അടൂർ കടമ്പനാട് നെല്ലിമുകൾ മധു മന്ദിരം വീട്ടിൽ നിന്നും പന്തളം കുരമ്പാല പറന്തലിൽ താമസം വി എസ് ആരാധന (32) ആണ് അറസ്റ്റിലായത്.
കല്ലുപ്പാറ കടമാൻകുളം ഗവൺമെന്റ് ഹെൽത്ത് സെന്ററിന് സമീപം നടന്നു പോവുകയായിരുന്ന കടമാൻകുളം പുതുശ്ശേരി പുറത്ത് നിസ്സി മോഹന (27)നെ 2024 ജൂൺ 6 ന് വൈകുന്നേരമാണ് മൂന്നു പ്രതികളുടെ സംഘം ബലം പ്രയോഗിച്ച് കാറിൽ കടത്തിക്കൊണ്ടു പോകാൻ കടത്തിക്കൊണ്ടുപോയത്. ഒന്നും രണ്ടും പ്രതികളായ പ്രവീൺ എന്ന് വിളിക്കുന്ന ബസലേൽ സി മാത്യുവും സ്റ്റോയ് വർഗീസും നേരത്തെ അറസ്റ്റിലായിരുന്നു. കാറിന്റെ പിൻ സീറ്റിലിരുന്ന ഒന്നാംപ്രതി കടലാസിൽ പൊതിഞ്ഞ കഞ്ചാവ് വലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിസ്സി നിരസിച്ചു. തുടർന്ന്, ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചു. രണ്ടാംപ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു. ഇത് മൂന്നാം പ്രതി ആരാധന മൊബൈൽ ഫോണിൽ പകർത്തി.
ഒന്നാം പ്രതിക്കൊപ്പം വിനോദയാത്രയ്ക്ക് പോകാൻ സമ്മതിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പല സ്ഥലങ്ങളിൽ കാറിൽ ചുറ്റികറങ്ങിയ ശേഷം സന്ധ്യയോടെ പ്രതിഭാ ജംഗ്ഷനിൽ ഇറക്കിവിടുകയായിരുന്നു.
പിറ്റേദിവസവും വൈകുന്നേരം പ്രവീണും സ്റ്റോയ് വർഗീസും കാറിൽ കല്ലൂപ്പാറയിൽ വച്ച് യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് സ്റ്റോയ് വർഗീസ് അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡിലായി. കീഴ്‌വായ്‌പ്പൂർ പോലീസ് ഇയാളെ ഫോർമൽ അറസ്റ്റ് ചെയ്തിരുന്നു. പ്രവീണിനെ ജൂലൈ 22ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും നിരവധി ക്രിമിനൽ ക്കേസുകളിൽ പ്രതികളും കാപ്പ നടപടിക്ക് വിധേയരായിട്ടുള്ളവരും ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് പിടിച്ചെടുത്തിരുന്നു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം മൂന്നാം പ്രതികരിക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതിന് തുടർന്ന് ഇന്ന് കുരമ്പാലയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത്.