പതിനേഴുകാരിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂർ വള്ളംകുളം പുത്തൻ പറമ്പിൽ വീട്ടിൽ നിന്നും കവിയൂർ കോട്ടൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പുത്തൻ പറമ്പിൽ അനീഷ് കുര്യൻ (36) ആണ് അറസ്റ്റിലായത്.
ഈ വർഷം ഫെബ്രുവരിയിലാണ് പീഡനം നടന്നത്. കുട്ടി പഠിക്കാൻ പോയപ്പോൾ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും സ്കൂട്ടറിൽ കയറ്റിക്കൊണ്ട് പോയി ഇയാളുടെ അമ്മയുടെ വെങ്കോട്ടയിലെ വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ ആധാർ കാർഡ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ കൈക്കലാക്കുകയും ചെയ്തു.
ഇന്നലെയാണ് തിരുവല്ല പോലീസിൽ കുട്ടി മൊഴിനൽകിയത്, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശാനുസരണം പ്രതിക്കായുള്ള തെരച്ചിൽ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം ഊർജ്ജിതമാക്കിയിരുന്നു.
തുടർന്ന് ഞാലിക്കണ്ടത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും, തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി.പ്രതി കൈവശപ്പെടുത്തിയ രേഖകൾ റാന്നി അങ്ങാടി പേട്ടയിലെ സ്വകാര്യ വ്യക്തിയുടെ കടമുറിക്കുള്ളിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.