കോയിപ്രം സ്വദേശിനിയായ പതിമൂന്നുകാരിയെ നേരിൽ പരിചയപ്പെട്ട ശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും, കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ കർണാടക മംഗലാപുരത്ത് എം എസ് സി വിദ്യാർത്ഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പ്രതി പരിചയപ്പെടുകയും, തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി സംസാരിക്കുമായിരുന്നു.
പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്ത ശേഷം ഇയാൾ തന്റെ ഫോണിൽ നിന്നും കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്സാപ്പിലൂടെ പ്രതിയുടെ നഗ്ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു. പിന്നീട് 2024 സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു. പലതവണ പല രീതികളിൽ കുട്ടിയെ നിർബന്ധിച്ചാണ് ഇയാൾ ഇവ കൈക്കലാക്കിയത്.
യുവാവിന്റെ നിരന്തരമായ നിർബന്ധത്താൽ ഇത്തരം ചിത്രങ്ങൾ അയച്ചുകൊടുത്ത കുട്ടി, ഇക്കാര്യത്തിൽ മനോവിഷമത്താൽ കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ ബോധ്യപ്പെട്ടത്. അപ്പോഴേക്കും കുട്ടി തന്റെ ഫോണിൽ നിന്നും ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും ഒഴിവാക്കിയിരുന്നു. യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ വീട്ടുകാർ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തേതുടർന്ന് അന്വേഷണം ഊർജ്ജതമാക്കിയ പോലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനിൽ വച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.