മുറ്റത്തുമ്മാവിൽ ടിപ്പർ ലോറി റോഡ് സൈഡിൽ താഴ്ന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ റോഡ് പണി നടക്കുന്ന കാവനാൽക്കടവ് - നെടുകുന്നം റോഡിലാണ് സംഭവം. റോഡ് പണി നടക്കുമ്പോൾ സൈഡിൽ കൂടി പോകാൻ ശ്രമിച്ച ടിപ്പർ ലോറിയുടെ വലതു വശത്തെ ചക്രങ്ങൾ റോഡിന്റെ വശത്ത് താഴുകയായിരുന്നു. തുടർന്ന് റോഡ് പണിയിൽ ആയിരുന്ന ജെ സി ബി ഉപയോഗിച്ച് ടിപ്പർ മറിയാതെ താങ്ങി നിർത്തുകയും മറ്റൊരു ജെ സി ബി കൂടി എത്തിച്ചു ലോറിയിലെ കല്ലുകൾ ഇറക്കിയതിന് ശേഷമാണ് താഴ്ചയിൽ നിന്നും ലോറി പൊക്കിയെടുത്തത്. ഇതിനെ തുടർന്ന് മൂന്ന് മണിക്കൂറിലേറെ കാവനാൽക്കടവ് - നെടുകുന്നം റോഡിൽ ഗതാഗത തടസം ഉണ്ടായി.
പണി നടക്കുന്നതിനാൽ ഗതാഗത നിയത്രണം ഉള്ള റോഡിൽ ടിപ്പർ ലോറികൾ അമിതവേഗത്തിൽ പായുന്നത് അപകടത്തിന് കാരണമാകുന്നു. റോഡ് പണി നടക്കുമ്പോൾ കൂട്ടമായി എത്തുന്ന ടിപ്പറുകൾ റോഡ് പണിക്ക് തടസം ഉണ്ടാക്കുന്നതൊപ്പം പൊടി ശല്യത്തിന് കാരണമാവുന്നു. സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമ നിരോധനം ഉള്ളപ്പോൾ പോലും ഈ റോഡിൽ കൂടി ടിപ്പറുകൾ കുതിച്ചു പായുന്നതായി നാട്ടുകാർ പറയുന്നു.