മല്ലപ്പള്ളിയിൽ വീട്ടിനുള്ളിൽ കടന്ന് രണ്ട് ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

മല്ലപ്പള്ളിയിൽ ആളില്ലാത്ത തക്കത്തിന് വീട്ടിനുള്ളിൽ കടന്ന് രണ്ട് ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ  മോഷ്ടാവിനെ കീഴ്‌വായ്‌പ്പൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും വിദഗ്ദ്ധമായി കുടുക്കി.  തമിഴ്നാട് തെങ്കാശി ചെങ്കോട്ട പോലീസ് സ്റ്റേഷന് സമീപം സീനി സ്ട്രീറ്റിൽ 12/14 നമ്പർ വീട്ടിൽ ഫൈസൽ എന്ന് വിളിക്കുന്ന മുഹമ്മദ് ഇസ്മായിൽ(31)ആണ് പിടിയിലായത്. മല്ലപ്പള്ളി പെരുമ്പ്രാവ് പുളിമല കുന്നേൽ വീട്ടിൽ ഷാജി മാത്യു ജോർജിന്റെ പരാതി പ്രകാരം എടുത്ത മോഷണ കേസിലാണ് അറസ്റ്റ്. 

വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി എത്തിയ മോഷ്ടാവ് വീടിന്റെ മുൻവശത്തെ വാതിലിന്‍റെ പൂട്ടുപൊളിച്ച് അകത്തു കയറി കിടപ്പുമുറിയിൽ സൂക്ഷിച്ച 20000 രൂപയും രണ്ട് കടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 70000 രൂപയും 35000 രൂപയും വിലവരുന്ന രണ്ട് ലാപ്ടോപ്പുകളും കവരുകയായിരുന്നു. പിറ്റേന്ന് ഷാജി മാത്യു കീഴ്‌വായ്‌പ്പൂർ പോലീസിൽ പരാതി നൽകി. 

എസ് ഐ സതീഷ് ശേഖർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണ സംഘത്തെയും വിരലടയാളവിദഗ്ധരെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി.  സമീപവീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ  വിശദമായി പരിശോധിക്കുകയും, ലാപ്ടോപ്പ് കണ്ടെത്താൻ ഐപി അഡ്രസ്സ് തിരിച്ചറിയുന്നതിനായി ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്തിരുന്നു. ഒരു ലാപ് ടോപ് ലോഗിൻ ചെയ്തിട്ടുള്ള ഇമെയിൽ ഐഡി, ലാപ്പിൽ നിന്നും ലോഗ് ഔട്ട്‌ ആയിട്ടില്ലെന്ന് രഞ്ജിത്ത് മാത്യുവിന്റെ മകൻ കണ്ടെത്തി.    

തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ വിദഗ്ദ്ധമായി കുടുക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ  പി പി മനോജ്‌ കുമാർ, എസ് സി പി ഓ അൻസിം, സി പി ഓമാരായ അവിനാഷ്, ദീപു, വിഷ്ണു, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ