തിരുവല്ലയിൽ വീട്ടിലെ കുളിമുറിക്കുള്ളിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ ടി.പി.വിനോദിനെ(36)യാണ് 120 ലിറ്റർ കോടയുമായി എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്‌പെക്ടർ എച്ച്.നാസറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. കുളിമുറിക്കുള്ളിൽ മൂന്ന് വീപ്പയ്ക്കുള്ളിലാണ് കോട സൂക്ഷിച്ചിരുന്നത്.
അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ സാഗർ, അൻസറുദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മിനിമോൾ, രാജിമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.