12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം ഓർത്തഡോക്സ് പള്ളി കുരിശ്ശടിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ രഞ്ചു എന്ന് വിളിക്കുന്ന രഞ്ജിത്ത് വി രാജൻ (38) ആണ് അറസ്റ്റിലായത്.
കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടിൽ വെച്ചാണ് ഈ വർഷം ആഗസ്റ്റിലും ഒക്ടോബറിലുമാണ് പലപ്രാവശ്യം കുട്ടിയെപീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷന്റെ പരിധിയിൽ ആയതിനാൽ എഫ് ഐ ആർ, മൊഴി എന്നിവ വനിതാ പോലീസ് സ്റ്റേഷനിൽ നിന്നും തിരുവല്ല പോലീസിന് കൈമാറി.
നവംബർ ഒന്നിന് തിരുവല്ല എസ് ഐ പി എസ് സനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഉപയോഗത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു ശാസ്ത്രീയ പരിശോധനക്കയച്ചു. പെൺകുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ പി എസ് സനിൽ, എ എസ് ഐ ജയകുമാർ, എസ് സി പി ഓമാരായ മനോജ്, അഖിലേഷ് എന്നിവർ പങ്കെടുത്തു.