തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ഇന്നലെ തുടങ്ങി. രാവിലെ ചരൽക്കുന്ന് മയിലാടുംപാറ മഹാദേവർ ക്ഷേത്രത്തിൽനിന്ന് നിരവധി ഭക്തരുടെ നേതൃത്വത്തിൽ ധന ധാന്യഘോഷയാത്ര തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തി. മയിലാടുംപാറ ക്ഷേത്രം സമിതി പ്രസിഡന്റ് സി.എസ്. അനീഷ്‌കുമാർ,സെക്രട്ടറി കെ.ആർ. രതീഷ് എന്നിവർ നേതൃത്വം നൽകി.
കൊടിമരച്ചുവട്ടിലെ വെള്ളി പരമ്പിൽ കെ.പി.എം. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ധാന്യസമർപ്പണം നടത്തി. വൃശ്ചിക വാണിഭമേളയുടെ ഉത്ഘാടനം നടൻ കൃഷ്ണപ്രസാദ് നിർവഹിച്ചു. കാർഷികസമൃദ്ധി നിലനിന്ന ഗ്രാമീണ നന്മയാണ് വൃശ്ചിക വാണിഭത്തിൽ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യ അവകാശികൾ വിളിച്ചുചൊല്ലി പ്രാർഥന നടത്തി. മേൽശാന്തി മനോജ് നാരായണൻ നമ്പൂതിരിയാണ് ഭദ്രദീപം പകർന്നത്. ഉപദേശകസമിതി പ്രസിഡന്റ് പി.ജി. സതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, വൈസ് പ്രസിഡന്റ് സാജൻ മാത്യു, മെമ്പർമാരായ ശ്രീജാ ടി.നായർ, പി.എ. അനിൽകുമാർ, കെ.പി.എം.എസ്. സംസ്ഥാന അധ്യക്ഷ കെ. ബിന്ദു, ഉപദേശക സമിതി വൈസ് പ്രസിഡന്റ് പി.ജി. ജയൻ, സെക്രട്ടറി അഖിൽ എസ്.നായർ, ദേവസ്വം ജൂനിയർ സൂപ്രണ്ട് കവിത, സബ് ഗ്രൂപ്പ് ഓഫീസർ കെ.വന്ദന തുടങ്ങിയവർ പങ്കെടുത്തു. 41 ദിവസം നീണ്ടുനിൽക്കുന്ന കളമെഴുതിപ്പാട്ടിനും ക്ഷേത്ര പാട്ടമ്പലത്തിൽ ഇതോടെ തുടക്കമായി.
ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലാണ് വൃശ്ചിക വാണിഭം നടത്തുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനുമുമ്പ് തുടക്കംകുറിച്ച ആചാരമാണ് മേളയായി പരിണമിച്ചത്. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ഹൈന്ദവസമൂഹം വൃശ്ചികം ഒന്നിന് ക്ഷേത്രത്തിന് മുന്നിലെ ആൽമരച്ചുവട്ടിൽ പണി ആയുധങ്ങൾ, കാർഷിക വിഭവങ്ങൾ എന്നിവ എല്ലാം കാഴ്ചവച്ചു. അരയസമൂഹം ഉണക്കസ്രാവിനെയാണ് എത്തിച്ചത്. ഇത് ലേലംചെയ്തു വാങ്ങാൻ നിരവധി ആളുകൾ എത്തിയതോടെ വലിയ വ്യാപാരമേളയായി മാറി. ഉണക്കസ്രാവ് ഇന്നും മേളയിൽ പ്രധാനഇനം തന്നെ. കാർഷിക ഉത്പന്നങ്ങൾ, പണി ആയുധങ്ങൾ, ഫർണിച്ചർ, കല്ല് കൊണ്ടുള്ള അടുക്കള ഉപകരണങ്ങൾ, വസ്ത്രം, ചെരിപ്പ്, പൂച്ചെടികൾ അടക്കം ഉപ്പുതൊട്ട് കർപ്പൂരം വരെ മേളയിൽ ലഭ്യമാണ്. നൂറോളം സ്റ്റാളുകളും വിനോദോപാധികളും ക്ഷേത്രവളപ്പിൽ ഒരുക്കിയിട്ടുണ്ട്. ഡിസംബർ ഒന്നിന് മേള സമാപിക്കും.