ഡ്രിപ്പിടണമെന്ന് ആവശ്യപ്പെട്ടെത്തി ആശുപത്രിയിൽ നാശനഷ്ടമുണ്ടാക്കിയ മൂന്ന് യുവാക്കൾ തിരുവല്ലയിൽ അറസ്റ്റിൽ

ഡ്രിപ്പിടണമെന്ന് ആവശ്യപ്പെട്ടെത്തി ആശുപത്രിയിൽ നാശനഷ്ടമുണ്ടാക്കിയ മൂന്ന് യുവാക്കളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം മണക്ക് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് യുവാക്കളുടെ പരാക്രമം. തിരുവല്ല പാലിയേക്കര ചന്ത കോളനിയിൽ പടിഞ്ഞാറേ പീടികയിൽ വീട്ടിൽ മിഥുൻ (30), തിരുവല്ല പാലിയേക്കര ചന്ത കോളനിയിൽ വടക്കേപീടികയിൽ വീട്ടിൽ അജിൻ മാത്യു(24), തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം പേരൂർ വീട്ടിൽ അഖിലേഷ്(26) എന്നിവരാണ് പിടിയിലായത്. ഡോ പീറ്റർ മണക്കിന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് പുളിക്കീഴ് പോലീസിന്റെ നടപടി.

ഡ്രിപ്പ് ഇടണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയിലെത്തി ബഹളമുണ്ടാക്കിയ യുവാക്കളെ എക്സ്റേ ടെക്‌നിഷ്യൻ ബിനു വർഗീസ് ചോദ്യം ചെയ്തു. പ്രതികൾ ബിനുവിനെ മർദ്ദിക്കുകയും, പോലീസിൽ പരാതി കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അക്രമാസക്തമായി ആശുപത്രിയിലെ കസേരകൾ തകർത്തു. പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പുളിക്കീഴ് പോലീസ് പ്രതികൾക്കെതിരെ  ആരോഗ്യപ്രവർത്തകർക്കും ആതുരലായങ്ങൾക്കുമെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുക്കുകയായിരുന്നു.

അന്വേഷണത്തെതുടർന്ന് പ്രതികളെ വൈകിട്ട് അഞ്ചരയോടെ ആശുപത്രിയിൽ നിന്നും  പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ കൈക്കൊണ്ടത്. അന്വേഷണസംഘത്തിൽ എസ് ഐ സതീഷ്കുമാർ, എ എസ് ഐ വിനോദ്, സി പി ഓമാരായ സുജിത് പ്രസാദ്,  ആരോമൽ, രവികുമാർ, സുദീപ് കുമാർ, സന്ദീപ്, നവീൻ എന്നിവരാണ് ഉണ്ടായിരുന്നത്. കേസിലെ മൂന്നാം പ്രതി അഖിലേഷ് തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ദേഹോപദ്രവക്കേസിലും, അബ്കാരി കേസിലും ഉൾപ്പെട്ടിട്ടുണ്ട്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ