വിഡിയോ കോളിലൂടെ അന്ധേരി പൊലീസെന്നും സിബിഐ എന്നും തെറ്റിദ്ധരിപ്പിച്ച് തടിയൂർ സ്വദേശിയുടെ 37.61 ലക്ഷം രൂപ തട്ടിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ. പൂജപ്പുര ജില്ലാ ജയിലിലെത്തി കോയിപ്രം പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ ഇവരെ നേരത്തേ അറസ്റ്റ് ചെയ്തു കോടതി റിമാൻഡ് ചെയ്തതാണ്. കേസിൽ ഒന്നാം പ്രതി പാലക്കാട് ഒറ്റപ്പാലം വരോട് കുളമുള്ളിൽ വീട്ടിൽ സൽമാനുൽ ഫാരിസ് (25), മൂന്നാം പ്രതി കോഴിക്കോട് കൊടുവള്ളി കൊല്ലാർകുടി കാട്ടുപൊയ്കയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (30) എന്നിവരാണ് അറസ്റ്റിലായത്.
ഈ കേസിൽ നേരത്തേ പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ് (20) പിടിയിലായിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ ഷിബുരാജ്, എസ്‌സിപിഒ ജോബിൻ ജോൺ, സിപിഒമാരായ അരുൺകുമാർ, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തടിയൂര്‍ സ്വദേശിയുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്‌ത മൊബൈല്‍ ഫോണില്‍ നിന്നും പരസ്യങ്ങളും ഭീഷണി സന്ദേശങ്ങളും അയക്കപ്പെട്ടിട്ടുണ്ടെന്നും, ഈ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നരേഷ് ഗോയല്‍ എന്നയാള്‍ 6 കോടി വായ്‌പയെടുത്തിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വീഡിയോ കോളിലൂടെ തടിയൂര്‍ സ്വദേശിയെ ബന്ധപ്പെട്ട സംഘം അന്ദേരി പൊലീസ് ആണെന്നും സിബിഐ ഓഫിസര്‍ ആണെന്നും അവകാശപ്പെടുകയായിരുന്നു. പ്രതികളുടെ ഭീഷണിയില്‍ തട്ടിപ്പിനിരയായ വ്യക്തിയും ഭയന്നുപോയി.
2024 ഒക്ടോബർ 10ന് പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പ്രതികളുടെ കൊൽക്കത്ത ഹാറ്റിഭാഗൻ ഐസിഐസിഐ ബാങ്ക് അകൗണ്ടിലേക്ക് 7,50,111 രൂപയും, 15 ന് കൊടുമൺ എസ്ബിഐ അക്കൗണ്ടിൽ നിന്ന്, പ്രതികളുടെ ഗുജറാത്ത് വഡോദര ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിലേക്ക് 30,11,158 രൂപയുമടക്കം 37,61,269 രൂപയാണ് തടിയൂര്‍ സ്വദേശി അയച്ചുനല്‍കിയത്.