വര്‍ഷങ്ങളായി നാശോന്മുഖമായി കിടന്ന കാവനാല്‍കടവ്-നെടുങ്കുന്നം റോഡിലെ ആദ്യഘട്ട ടാറിങ് പ്രവ്യത്തികള്‍ തുടങ്ങി. ഇന്നലെയാണു ബിറ്റുമിനസ് മെക്കാഡം (ബിഎം) നിരത്തി ഉറപ്പിക്കുന്ന ജോലികളാണു തുടങ്ങിയത്. കാവനാല്‍കടവ് മുതല്‍ നൂറോമ്മാവു വരെയുള്ള ഭാഗങ്ങളില്‍ ബിഎം ബിസി നിലവാരത്തിലാണു നിര്‍മാണം നടത്തുന്നത്. ടാറിങ് പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി നേരിട്ടിരുന്ന ദുരിതയാതയ്ക്കു പരിഹാരമാകും.
മെറ്റലും പാറമണലും ചേര്‍ത്തുള്ള വെറ്റ് മിക്സ് മെക്കാഡം (ഡബ്ല്യുഎംഎം) ആഴ്ചകള്‍ക്ക് മുന്‍പ് നിരത്തി ഉറപ്പിച്ചിരുന്നുവെങ്കിലും ശക്തമായ മഴ കാരണം ടാറിങ് നടത്തിയിരുന്നില്ല. ഓടകൾ ഇല്ലാത്തതിനാൽ മഴയില്‍ പലയിടങ്ങളിലും വെറ്റ് മിക്സ് മെക്കാഡം ഒലിച്ചുപോയിരുന്നു. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ അത് വിണ്ടുമിട്ടുറപ്പിച്ചു.
നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനു മാത്യു ടി. തോമസ് എംഎല്‍എ, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യട്ടിവ് എന്‍ജിനീയര്‍ റോമി ജോസഫ്, അസിസ്റ്റന്റ് മിനു മേരി തോമസ്, ഓവര്‍സിയര്‍ റോബര്‍ട്ട എം. ഫിലിപ് എന്നിവര്‍ സന്ദര്‍ശിച്ചു.