തേലമണ്ണിൽപടി – പുല്ലുകുത്തി റോഡിൽ പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് തകർന്ന റോഡിലെ അറ്റകുറ്റപ്പണികൾ നിലച്ച നിലയിൽ. ഇതേ തുടർന്ന് മെറ്റിലുകൾ നിരന്ന റോഡിൽ കൂടി വാഹനയാത്ര ദുരിതമായി മാറി.
നവംബർ മാസം കുറേയിടങ്ങളിൽ മെറ്റിൽ നിരത്തിയെങ്കിലും പിന്നീടു പണികളൊന്നും ഈ റോഡിൽ തുടർന്ന് നടത്തിയിട്ടില്ല. പുല്ലുകുത്തി കവലയ്ക്കു സമീപം റോഡിൽ പൂർണമായും മെറ്റിൽ നിരത്തി ഉറപ്പിച്ചിരുന്നു. ടാറിങ് നടത്താതിരുന്നതുമൂലം മെറ്റിൽ ഇളകി മാറി നിരന്നു കിടക്കുന്നത് മൂലം ഇരുചക്ര വാഹനക്കാർ പതിവായി അപകടത്തിൽപ്പെടുന്നു. പൊടി ശല്യവും അസഹനീയമാണ്.
മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ സമഗ്ര ശുദ്ധജല പദ്ധതിയിലെ പൈപ്പ് സ്ഥാപിച്ചതിനെ തുടർന്നാണ് റോഡ് തകർന്ന് അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുന്നത്. റോഡ് പുനരുദ്ധാരണം പൂർത്തിയാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.