കാപ്പ നിയമം ചുമത്തി രണ്ട് തിരുവല്ല സ്വദേശികളെ ജയിലിലാക്കി. തുകലശ്ശേരി അഞ്ജലി റോഡിൽ ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസ്(29), കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാപ്പറമ്പിൽ കരുണാലയം വീട്ടിൽ വാവ എന്ന് വിളിക്കുന്ന ദീപുമോൻ(28) എന്നിവരെയാണ് തിരുവല്ല പോലീസ് പിടികൂടി നടപടിയെടുത്തത്.
റോഷൻ വർഗീസ് തിരുവല്ല, ചങ്ങനാശ്ശേരി, ചേർത്തല കൂത്തുപറമ്പ്, പീച്ചി, ആന്ധ്രാപ്രദേശിലെ റപ്താഡ് തുടങ്ങിയ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 25-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തിരുവല്ല പോലീസിന്റെ റൗഡി ലിസ്റ്റിലുമുണ്ട്. 2022-ലും 23-ലും കാപ്പ പ്രകാരം ജില്ലയിൽനിന്ന് നാടുകടത്തിയതാണ്. ഈ സമയത്ത് എം.ഡി.എം.എ. കച്ചവടം, കാറും പണവും സ്വർണവും തട്ടിയെടുക്കൽ, കൊലപാതകശ്രമം, അടിപിടി വീടുകയറി ആക്രമണം, സ്ത്രീകൾക്ക് നേരേയുള്ള അതിക്രമം എന്നിവയ്ക്കൊക്കെ പിടിയിലായി. നിരന്തരം ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇയാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കാൻ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ മൂന്നിന് ഉത്തരവാകുകയായിരുന്നു. തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദ്, പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുമുള്ള സംഘം തൃശ്ശൂർ ജയിലിൽ കഴിഞ്ഞുവന്ന റോഷനെ കാപ്പ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തു.
തിരുവല്ല തൃക്കൊടിത്താനം, കീഴ്‌വായ്‌പൂര്, പീച്ചി, തിരുവല്ല എക്സൈസ് തുടങ്ങിയ സ്റ്റേഷനുകളിൽ 15-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദീപുമോൻ. കീഴ്‌വായ്‌പ്പൂര് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. 2022-ൽ ഇയാളെ കാപ്പ അനുസരിച്ച് കരുതൽതടങ്കലിൽ അടച്ചിരുന്നു. 2023-ൽ പുറത്തിറങ്ങിയശേഷം കൂട്ടുപ്രതികൾക്കൊപ്പം ചേർന്ന് പോലീസിനെ ആക്രമിച്ചു. സ്വർണക്കവർച്ച കേസിൽ റോഷൻ വർഗീസിനൊപ്പം കൂട്ടുപ്രതിയായി. കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, മയക്കുമരുന്ന് ഉപയോഗം, കഞ്ചാവ് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ തിരുവല്ല എക്സൈസിൽ ഉൾപ്പെടെ കേസുണ്ട്.