പത്തനംതിട്ടയിൽ പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നു പരാതി. ശിശുക്ഷേമ സമിതിയോടു പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ 2 കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പ്രതികൾ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. ചൂഷണത്തിനിരയായ കാര്യങ്ങൾ വെളിപ്പെടുത്താൻ 18കാരിയായ ഇര തയാറായതോടെയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണു പെൺകുട്ടി പ്രശ്നങ്ങൾ സൂചിപ്പിച്ചത്. ഗൗരവം മനസ്സിലാക്കിയ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. അങ്ങനെ ഇരയും മാതാവും ഹാജരായി. അസ്വാഭാവിക കേസാണെന്നു മനസ്സിലാക്കിയതോടെ കൂടുതൽ വിവരങ്ങൾ തേടി.
കുട്ടിക്കു 13 വയസ്സുള്ള സമയത്തു സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് അയാളുടെ സുഹൃത്തുക്കൾ ദുരുപയോഗം ചെയ്തു. പ്രായപൂർത്തിയാകും മുൻപ് ഇരയുടെ നഗ്നചിത്രങ്ങൾ പ്രതികളിൽ ചിലർ കൈവശപ്പെടുത്തി. കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കി. 62 പ്രതികളുടെ പേര് കുട്ടി വെളിപ്പെടുത്തിയെന്നാണു സൂചന. ഉപയോഗിച്ചിരുന്ന ഫോൺ രേഖകളിൽ നിന്നാണ് നാൽപതോളം പ്രതികളെ തിരിച്ചറിഞ്ഞത്. ഉന്നത പൊലീസ് അധികൃതരുടെ മേൽനോട്ടത്തിൽ എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസ് അന്വേഷിക്കും. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പ്രതികളുണ്ടാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു.