പത്തനംതിട്ടയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപ്രതികള്‍ കൂടി പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ഷിനു ജോർജ് (23), ഇലവുംതിട്ടയിൽ പ്രജിത് കുമാർ (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം 44 ആയി. 5 ദിവസത്തിനിടെയാണു 44 പ്രതികളെ പൊലീസ് പിടികൂടിയത്. 5 സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇനി പിടിയിലാകാനുള്ള 14 പ്രതികളിൽ 2 പേർ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. ഒരാൾ സംസ്ഥാനത്തിനു പുറത്താണെന്നാണു സൂചന. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസിൽ റാന്നി മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
പത്തനംതിട്ടയിൽ റജിസ്റ്റർ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. എന്നാൽ പ്രതിയുടെ പേരോ വിലാസമോ ലഭിച്ചില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കല്ലമ്പലം ഇൻസ്പെക്ടർ ആർ.ശിവകുമാർ അറിയിച്ചു.
ഇനി അറസ്റ്റിലാവാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ 9 പ്രതികളും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ 4 പേരും മലയാലപ്പുഴ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഇലവുംതിട്ട സ്റ്റേഷനിലെ പ്രതികളിൽ ഒരാൾ പത്തനംതിട്ട പൊലീസ് കഴിഞ്ഞ വർഷമെടുത്ത പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. വിദ്യാർഥിനിയുടെ സഹപാഠികളും ഉയർന്ന ക്ലാസുകളിൽ പഠിക്കുന്നവരും കേസിൽ പ്രതികളായിട്ടുണ്ട്.