പത്തനംതിട്ടയിൽ അഞ്ചു വർഷത്തിനിടെ അറുപതിലേറെ പേർ പീഡനത്തിനിരയാക്കിയെന്ന ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും കാറിൽ വെച്ച് പീഡിപ്പിച്ചതായും വിവരം. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവത്തിൽ നാലു പ്രതികളാണുള്ളത്. കുട്ടിയുടെ വെളിപ്പെടുത്തലുകളിൽ അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ 25 അംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കും.
പീഡനത്തിനിരയായ ദലിത് പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കളും ദുരുപയോഗം ചെയ്തതായി വെളിപ്പെടുത്തൽ. പെൺകുട്ടി പ്ലസ്ടുവിൽ പഠിക്കുമ്പോൾ സമൂഹമാധ്യമം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറിൽ വച്ച് പീഡിപ്പിച്ചു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ഫെബ്രുവരിയിൽ ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറിൽ രണ്ട് കൂട്ടുകാർക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവർ മൂവരും, തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ മറ്റു മൂന്നു പ്രതികളും പീഡിപ്പിച്ചു.
സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നു കാറിൽ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറിൽ വച്ച് രണ്ടുപേർ പീഡിപ്പിച്ചതായും വിദ്യാർഥിനി മൊഴി നൽകി. പീഡിപ്പിച്ചശേഷം ഇവർ വീടിനരികിൽ ഇറക്കിവിട്ടതായും പറയുന്നു.
കേസിൽ ഇതുവരെ 28 പേർ അറസ്റ്റിലായി. ഇതിൽ 4 പേർ പ്രായപൂർത്തിയാകാത്തവരാണ്. അന്വേഷണപുരോഗതി ദിവസവും ജില്ലാ പൊലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കുന്നുണ്ടെന്നും മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും എസ്‌പി അറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മാത്രം 10 പുതിയ കേസുകൾ റജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 18 ആയി. വിവിധ കേസുകളിലായി ഇന്നലെ 12 പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്നലെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണു പ്രതികളിൽ പലരെയും കുട്ടി പരിചയപ്പെട്ടതെന്നും ഇവിടെ നിന്നാണു വാഹനങ്ങളിൽ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ ഇന്നലെ 9 കേസുകൾ റജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ ഇന്നലെ റജിസ്റ്റർ ചെയ്ത കേസിൽ ഒരു പ്രതി ലിജോ (26) പിടിയിലായി.
ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാർ, പത്തനംതിട്ട എസ്എച്ച്ഒ ഡി.ഷിബുകുമാർ, ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണൻ, റാന്നി എസ്എച്ച്ഒ ജിബു ജോൺ, വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ കെ.ആർ.ഷെമി മോൾ ഉൾപ്പെടെ 25 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം. ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റർ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്.