പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഓള് കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ പറഞ്ഞു.
ഭക്ഷ്യ, ധനകാര്യ മന്ത്രിമാരുമായി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് സമരവുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് റേഷന്‍ സംഘടനകള്‍ ഒരുമിച്ചാണ് സമരം നടത്തുന്നത്. കടകള്‍ അടച്ചിട്ടുകൊണ്ട് ഇന്ന് ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പിലും കൂട്ടധര്‍ണ നടത്തും.
വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുവാന്‍ പോകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പിന്‍വലിക്കുക തുടങ്ങിയതാണ് പ്രധാന ആവശ്യം. എട്ടുവര്‍ഷം മുമ്പേ പ്രഖ്യാപിച്ച വേതന പാക്കേജാണ് നിലവിലുള്ളത്.
ആറുമാസത്തിനുള്ളിൽ പുനഃപരിശോധിക്കാമെന്ന ഉറപ്പ് നാളിതുവരെ പാലിക്കാത്തതിനാലാണ് വ്യാപാരികള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.