മല്ലപ്പള്ളിയിൽ ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ വലയുന്നു. കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങിൻ തൈകളും നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. മല്ലപ്പള്ളിതാലൂക്കിലെ ആനിക്കാട്, കോട്ടാങ്ങൽ, കൊറ്റനാട്, കല്ലൂപ്പാറ, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്.
എന്ത് കൃഷി ചെയ്താലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുകയാണ്. പകൽ സമയങ്ങളിൽ കാട് പിടിച്ച കിടക്കുന്ന പ്രദേശങ്ങളിൽ കഴിയുന്ന പന്നിക്കൂട്ടം സന്ധ്യയോടെ കൃഷിയിടങ്ങളിലിറങ്ങും. കഴിഞ്ഞദിവസം കൊറ്റനാട് കാട്ടു പന്നി സ്കൂട്ടറിനു കുറുകെ ചാടി അധ്യാപികക്ക് ഗുരുതര പരിക്കുപറ്റിയിരുന്നു.
പന്നിശല്യം നിയന്ത്രിക്കാൻ പല പഞ്ചായത്തുകളിലും വേട്ടക്കാരെ നിയമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായിട്ടില്ല.