വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടി കീഴ്‌വായ്‌പ്പുർ പോലീസ് നൈറ്റ് പട്രോളിംഗ് സംഘം. തമിഴ്നാട് തിരുനെല്‍വേലി തെങ്കാശി വിശ്വനാഥയ്യർ കോവില്‍ സ്ട്രീറ്റ്, ഹൗസ് നമ്ബർ 12 ല്‍ പാച്ചി മുത്തു, മുത്തു കുമാർ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വസന്തകുമാർ (49) ആണ് അറസ്റ്റിലായത്.
തിരുവല്ല മല്ലപ്പള്ളി റോഡില്‍ ചെങ്ങരൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 4.40ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കീഴ്‌വായ്‌പ്പൂർ പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോള്‍ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന്, എസ് ഐ പി. പി. മനോജ് കുമാറും, എസ് സി പി ഓ ശരത് പ്രസാദും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. കയ്യിലൊരു കവറുമായി പതുങ്ങിനില്‍ക്കുകയായിരുന്നു ഇയാള്‍. കവറില്‍ വസ്ത്രങ്ങളും ഒരു കുത്തുളിയും ഉണ്ടായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന മോഷണകേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞദിവസം നടത്തിയ മറ്റൊരു മോഷണത്തെപ്പറ്റിയും വെളിപ്പെടുത്തി.
കുന്നന്താനം പാലക്കാത്തകിടി തലക്കുളം സെൻറ് മേരിസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റോസ് ടിമ്ബേഴ്സ് തടിമില്ലില്‍ നടത്തിയ മോഷണത്തെപ്പറ്റിയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ഈ മാസം ഏഴിന് പുലർച്ചെ മണ്‍വെട്ടി, ചുറ്റിക, സ്ക്രൂഡ്രൈവർ എന്നിവ മോഷ്ടിച്ചശേഷം, ഷട്ടർ ഇട്ടു പൂട്ടിയ ഓഫീസിന്റെ താഴുപൊട്ടിച്ച് അകത്തു കയറിയാണ് മില്ലില്‍ മോഷണം നടത്തിയത്. ഓഫീസ് മുറിയുടെ വാതില്‍ പൊളിച്ച് അകത്തുകയറിയ ഇയാള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 300 രൂപയുടെ നാണയം മോഷ്ടിച്ചുകടന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ കീഴ്‌വായ്‌പ്പൂർ പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇതിലും അറസ്റ്റ് രേഖപ്പെടുത്തി.
മോഷ്ടിച്ച പണം ദൈനംദിന ചെലവുകള്‍ക്കും മദ്യപിക്കുന്നതിനും ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. തുടർന്ന് വിരലടയാളവിദഗ്ധരുടെ നേതൃത്വത്തില്‍ ഇയാളുടെ വിരലടയാളം ശേഖരിച്ചു. തടിമില്ലിന് സമീപമുള്ള കിണറിന്റെ വെള്ളം കോരുന്ന തൊട്ടിയുടെ ഇരുമ്ബുകുഴ ചവിട്ടിയിളക്കിയെടുത്ത് അത് ഉപയോഗിച്ച് മില്ലിന്റെ കെട്ടിട മുറിയുടെ ഷട്ടറിന്റെ പൂട്ട് അടിച്ച് പൊട്ടിച്ച് ഇളക്കിമാറ്റിയുയർത്തിയാണ് ഇയാള്‍ ഉള്ളില്‍ കടന്നത്. ഇരുമ്പ് ചുറ്റികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് ഓഫീസ് മുറിയുടെ മേശ കുത്തിത്തുറക്കുകയായിരുന്നു.
സ്ഥലത്ത് വിരലടയാളവിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ ബന്തവസ്സിലെടുക്കുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും വിശദമായി അന്വേഷണസംഘം പരിശോധിച്ചിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ രണ്ട് കേസുകള്‍ക്ക് പുറമെ, അടൂർ പന്തളം, ആറന്മുള എന്നീ സ്റ്റേഷനുകളിലായി 4 മോഷണ കേസുകള്‍
നിലവിലുണ്ട്. കൂടാതെ ചിങ്ങവനം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത മോഷണകേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളാണ് മോഷണത്തിനായി ഇയാള്‍ അധികവും തെരഞ്ഞെടുക്കാറുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായി.