റാന്നിയിൽ നിയന്ത്രണംവിട്ട കാർ എതിർദിശയിലെത്തിയ മറ്റ് രണ്ട് കാറുകളിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഇടമുറി കിഴക്കേചെരുവിൽ സുന്ദരേശൻ(45), രഞ്ജുഷ(39), ഉന്നക്കാവ് സ്വദേശി അനന്തു ഓമനക്കുട്ടൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 5.15ഓടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബ്ലോക്കുപടി വൈക്കം സ്‌കൂളിന് മുൻപിലാണ് അപകടം നടന്നത്. പത്തനംതിട്ട ഭാഗത്തുനിന്ന് റാന്നിയിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന കാറുകളിലിടിച്ചത്. മുമ്പിലുണ്ടായിരുന്ന കാർ റോഡിന്റെ പാർക്കിങ് ഭാഗത്തേക്ക് കയറ്റിയതിനാൽ വശത്താണ് ഇടിയേറ്റത്. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നിലുണ്ടായിരുന്ന കാറിന്റെ മുൻഭാഗം തകർന്നു.
അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. പോലീസെത്തി കാറുകൾ റോഡരികിലേക്ക് നീക്കി. തുടർന്ന് അഗ്നിരക്ഷാസേന റോഡിൽ വീണുകിടന്ന ഡീസലും കഴുകി നീക്കിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.