തിരുവല്ല, കീഴ്വായ്പൂര്, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം മുളിയന്നൂർക്കര ആറ്റുമാലിൽ വീട്ടിൽ സുജു എന്ന് വിളിക്കുന്ന സുജു കുമാറി (29) നെയാണ് തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 2 (പി )പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.
ഫെബ്രുവരി 12 ലെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം ഈ മാസം 15നാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവായത്. 2014 മുതൽ 21 കേസുകളിൽ പ്രതിയാണ് സുജുകുമാർ. ഇവയിൽ 13 കേസുകളാണ് ഉത്തരവിനായുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. 12 കേസുകളും കോടതിയിൽ വിചാരണയിൽ തുടരുമ്പോൾ ഒരു കേസ് അന്വേഷണത്തിലാണ്. യുവാവിനെതിരെ 2023 ഫെബ്രുവരി 24 ന് കാപ്പ നിയമം വകുപ്പ് 3(1) അനുസരിച്ചു ആറുമാസത്തേക്ക് കരുതൽ തടങ്കൽ ഉത്തരവായിരുന്നു.