മല്ലപ്പള്ളി ബസ് സ്റ്റാൻഡും ശ്രീകൃഷ്ണവിലാസം ചന്തയും ഇനി സിസിടിവി ക്യാമറ നിരീക്ഷണത്തിലാകും. 2024–25 വർഷത്തെ പദ്ധതി ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. നിരീക്ഷണത്തിനായി 28 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലും പകലും ഒരു പോലെ പ്രവർത്തിക്കുന്ന ക്യാമറകളിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫിസിലെ പ്രസിഡന്റിന്റെ മുറിയിൽ സ്ഥാപിച്ചിരിക്കുന്ന യൂണിറ്റിൽ തൽസമയം ലഭിക്കും. ബസ് സ്റ്റാൻഡിൽ ഉണ്ടാകുന്ന തർക്കങ്ങളും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്താനും മാലിന്യം തള്ളുന്നവരെയും കണ്ടെത്താനും കഴിയും.
ശ്രീകൃഷ്ണവിലാസം പൊതു ചന്തയോടു ചേർന്നുള്ള സ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെയും നടപടിയെടുക്കാൻ സാധിക്കും. വിവിധയിടങ്ങളിലെ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനും കഴിയും. ക്യാമറകൾ സ്ഥാപിക്കുന്നതോടെ പൊതുജനങ്ങൾ ഏറെ എത്തുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡ്, പൊതു ചന്ത എന്നിവിടങ്ങളിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.