റാന്നി അങ്ങാടി മേനാം തോട്ടത്തെ നിലവിൽ പ്രവർത്തനമില്ലാത്ത മേനാംതോട്ടം ആശുപത്രിയുടെ കാടുപിടിച്ചു പഴയ ഡോക്ടേഴ്സ് കോട്ടേഴ്സിൽ മോഷണം നടത്തിയ പ്രതികളെ റാന്നി പോലീസ് പിടികൂടി. മണിമല മുക്കട ചാരുവേലി പ്ലാന്തോട്ടത്തിൽ വീട്ടിൽ വിഷ്ണു(21), സഹോദരൻ വിശാഖ് (18)എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 6 ന് പഴയ ഇലക്ട്രിക് വയറുകളും മറ്റും രണ്ടുപേർ ചേർന്ന് മോഷ്ടിച്ചു കൊണ്ടുപോകുന്നത് സമീപവാസി കണ്ടു. ഉടൻതന്നെ ആളുകളെ വിളിച്ചു കൂട്ടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിശാഖിനെയാണ് നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു, വിഷ്ണു ഓടിരക്ഷപ്പെട്ടു, ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റാന്നി ഐത്തലയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇരുവരും. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ റാന്നി മുണ്ടപ്പുഴ പഴയാട്ടു ഹൗസിൽ തോമസ് പി ബാബുവിന്റെ മൊഴിയനുസരിച്ചാണ് മോഷണത്തിന് കേസെടുത്തത്. 10,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എസ് സി പി ഓ സുമിൽ മൊഴി രേഖപ്പെടുത്തി, എസ് ഐ കെ ജി കൃഷ്ണകുമാർ ആണ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.