ജില്ലാ പോലിസ് മേധാവിയുടെ നിർദേശത്തെതുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം സൈബര്‍ തട്ടിപ്പ് കേസില്‍ ഒരാളെ ബംഗളുരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. തിരുവല്ല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം തമ്പടിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തന്‍ വീട്ടില്‍ സഫര്‍ ഇക്ബാ(29)ലാണ് കുടുങ്ങിയത്.
അവിവാഹിതരായ ഒരു സംഘം യുവാക്കൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. കേസിലെ ഒരു പ്രതിയെ നേരത്തെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു. മറ്റ് പ്രതികൾ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ ബാങ്കുകളിൽ അവർക്കെല്ലാം പല ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്ന് കണ്ടെത്തി. ഇവരുടെയൊക്കെ താമസസ്ഥലങ്ങൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്, പ്രതികൾ ഒളിച്ചുമാറി താമസിക്കുന്നതിനാൽ പിടികൂടുന്നതിനു അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു.
തിരുവല്ല സ്വദേശിയായ ഉദ്യോഗസ്ഥനെ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയത് 1.57 കോടി തട്ടിയ കേസിലാണ് അറസ്റ്റ്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ആളുകൾ ഇരയാകുന്നത് വർദ്ധിച്ച സാഹചര്യത്തില്‍ ജില്ലാ പോലിസ് മേധാവി വി ജി വിനോദ് കുമാര്‍, ജില്ലയിലെ സൈബര്‍ കേസുകളുടെ അന്വേഷണപുരോഗതി വിലയിരുത്തി കര്‍ശനമായ തുടര്‍നടപടികള്‍ക്ക് നിർദേശിച്ചിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി ആളുകളെ വശീകരിച്ച് അവരുടെ മനോനിലയും താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ പ്രതികൾ നടത്തുന്നത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ എസ് ഐമാരായ കെ ആർ അരുണ്‍ കുമാര്‍, വി ഡി രാജേഷ്, ഏ എസ് ഐ സി ആർ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബംഗ്ലൂരില്‍ നിന്നും പ്രതിയെ കുടുക്കിയത്. പത്തനംതിട്ടയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന്, കോടതിയിൽ ഹാജരാക്കി. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.